പാക്കിസ്ഥാനിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന്‌ പ്രതിപക്ഷ പാർട്ടികൾ

ലാഹോര്‍: പാക്കിസ്ഥാനിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധത്തിന് തയാറെടുക്കുന്നു.  ബുധനാഴ്ച നടന്ന പാക്കിസ്ഥാൻ തെരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാൻ വിജയിക്കുകയും സർക്കാർ രൂപീകരിക്കുമെന്ന് ഏറെക്കുറ ഉറപ്പാവുകയും ചെയ്തതിനു പിന്നാലെയാണ് പ്രക്ഷോഭത്തിനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുക്കുന്നത്.
    നവാസ് ഷെരീഫിൻറെ പിഎംഎൽഎൻ അടക്കം 12 പാർട്ടികളാണ് തെഹ്രിക് ഇ ഇൻസാഫിന്റെ വിജയത്തിനെതിരെ കൈകോർക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി രാജ്യതലസ്ഥാനമായ ഇസ്ലാമാബാദിൽ ചേർന്ന യോഗത്തിൽ ഇമ്രാൻ ഖാനെതിരെ യോജിച്ചു നീങ്ങാൻ 12 പാർട്ടികളുടെയും നേതാക്കൾ തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ സൈന്യത്തിൻറെ ഇടപെടലുണ്ടായെന്നും ബൂത്ത് പിടിത്തം നടന്നുവെന്നുമാണ് ഇവരുടെ ആരോപണം. രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് എംഎംഎ പാർട്ടി നേതാവും പ്രക്ഷോഭ സമിതി വക്താവുമായ മൗലാന ഫസൽ റഹ്മാൻ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, പ്രതിപക്ഷ പാർട്ടികൾക്കിടയിൽ അഭിപ്രായ വ്യത്യാസവും പ്രകടമാണ്. പാർലമെൻറ് ബഹിഷ്‌കരിക്കുന്ന കാര്യത്തിൽ പിഎംഎൽഎൻ ഇതുവരെ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് നവാസ് ഷെരീഫിൻറെ സഹോദരരൻ ഷഹബാസ് ഷെരീഫ് വ്യക്തമാക്കി.