കുമ്പസാരം: ദേശീയ വനിതാ കമ്മീഷന്റെ നിലപാടിനെ തള്ളി കണ്ണന്താനം

 

ഡൽഹി: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ നിലപാട് കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക നിലപാടല്ലെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ പറഞ്ഞ നിലപാടുമായി കേന്ദ്രസർക്കാരിന് യാതൊരു ബന്ധവുമില്ല. മത വിശ്വാസങ്ങളിൽ നരേന്ദ്ര മോദി സർക്കാർ ഒരിക്കലും ഇടപെടില്ല. വനിതാ കമ്മീഷന്റെ ശുപാർശ തള്ളിക്കളയണമെന്ന് ദേശീയ ന്യൂനപക്ഷകമ്മിഷനും ആവശ്യപ്പെട്ടു.

സ്ത്രീകൾ ലൈംഗിക ചൂഷണത്തിനും പുരുഷന്മാർ സാമ്പത്തികതട്ടിപ്പിനും കുമ്പസാരത്തിലൂടെ ഇരകളാകുന്നു. ഇങ്ങനെ ഒട്ടേറെ പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് കുമ്പസാരം നിരോധിക്കണമെന്ന് ശുപാർശ ചെയ്തതെന്ന് കമ്മിഷൻ അധ്യക്ഷ രേഖാശർമ വിശദീകരിച്ചു. രണ്ടുകേസുകളിലും കേരളത്തിലെത്തി തെളിവെടുപ്പ് നടത്തിയ കമ്മിഷൻ ഇരകളിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.