ദുരിതം വിട്ടൊഴിയാതെ കുട്ടനാട്

 

വെള്ളമിറങ്ങിത്തുടങ്ങിയിട്ടും കുട്ടനാട്ടിലെ ദുരിതത്തിനു അറുതി വരുന്നില്ല. നിരണത്ത് മത്സ്യബന്ധനത്തിനിടെ തലവടി മുണ്ടകത്തിൽ ഏബ്രഹാം പത്രോസ് (63) മുങ്ങി മരിച്ചു. തലവടി, ചമ്പക്കുളം പഞ്ചായത്തുകളിലായി പുതുതായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കൈനകരി നോർത്ത് വില്ലേജിൽ ഒരു ഭക്ഷണ വിതരണകേന്ദ്രവും തുടങ്ങി.

464 ഭക്ഷ്യവിതരണ കേന്ദ്രങ്ങളിൽ 29,161 കുടുംബങ്ങളും 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 172 കുടുംബങ്ങളുമാണ് കുട്ടനാട്ടിലുള്ളത്. 1,16,350 പേരാണ് ക്യാമ്പുകളെ ആശ്രയിച്ച് കഴിയുന്നത്. കുടിവെള്ള വിതരണത്തിനായി തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി.

തലവടി ഹൈസ്‌കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ കുടിവെള്ളം കിട്ടുന്നില്ലെന്ന പരാതിയെത്തുടർന്ന് ക്യാമ്പിൽ ടാങ്ക് സ്ഥാപിച്ച് കുടിവെള്ളമെത്തിക്കാൻ വില്ലേജ് ഓഫീസർക്കും ഗ്രാമപ്പഞ്ചായത്ത് അധികൃതർക്കും നിർദേശം നൽകി.

കുട്ടനാട്ടിലെ കൈനകരി, പുളിങ്കുന്ന് പഞ്ചായത്തുകളിലെ വിവിധ ക്യാമ്പുകളിൽ ഭക്ഷ്യധാന്യങ്ങൾ നേരിട്ട് ബോട്ടുകളിലെത്തിച്ച് വിതരണം ചെയ്യാനാരംഭിച്ചിട്ടുണ്ട്. ഓരോ പഞ്ചായത്തിലും പ്രവർത്തിക്കുന്ന വിവിധ ക്യാമ്പുകൾക്കുള്ള ഭക്ഷ്യധാന്യങ്ങളാണ് ബോട്ടുകളിലെത്തിച്ച് വിതരണം ചെയ്യുന്നത്. എന്നാൽ, ക്യാമ്പുകളിലെ കുടിവെള്ള ക്ഷാമത്തിനും പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങൾക്കും പരിഹാരമായില്ല.

ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് നാലു ജലആംബുലൻസുകളുടെ സേവനം കുട്ടനാട്ടിൽ ലഭ്യമാക്കി. മൂന്നെണ്ണം കുട്ടനാട്ടിൽ വിവിധ പ്രദേശങ്ങളിൽ സേവനത്തിനായി എത്തിച്ചിട്ടുണ്ട്. ഒരെണ്ണം എല്ലാവിധ സജ്ജീകരണങ്ങളോടുകൂടി അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ തയ്യാറായിരിക്കും. അവശ്യമരുന്നുകളും ഡോക്ടർമാരുമായി മൂന്നു ഫ്ളോട്ടിങ് ഡിസ്പെൻസറികളുടെ സേവനവും കുട്ടനാട്ടിൽ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുഖേന ക്യാമ്പുകളിലും ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും പരിശോധന നടത്തുന്നുണ്ട്. ഒ.പി. വിഭാഗവും പി.എച്ച്.സികളിൽ സജ്ജമാക്കിയിട്ടുണ്ട്. എലിപ്പനി, പകർച്ചപ്പനി എന്നിവയ്ക്കെതിരെയുള്ള മരുന്നുകളും വളംകടിക്കുള്ള മരുന്നുകളും വിതരണം ചെയ്യുന്നുണ്ട്

കളക്ടറുടെ നിർദേശപ്രകാരം കെ.എസ്.ആർ.ടി.സി. നെടുമുടി പണ്ടാരക്കുളം വരെ സർവീസ് നടത്തി. എന്നാൽ, കുട്ടനാട്ടിലെ മറ്റ് പ്രദേശങ്ങളിലേക്കുള്ള സർവീസുകളൊന്നും തന്നെ പുനരാരംഭിച്ചിട്ടില്ല. ജലനിരപ്പ് താഴുകയാണെങ്കിൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ സർവീസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി. അധികൃതരറിയിച്ചു.

തുടർച്ചയായി ആറാം ദിവസവും ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പാതയിലെ പള്ളാത്തുരുത്തി, പണ്ടാരക്കുളം, പൂപ്പള്ളി, ഒന്നാങ്കര, വേഴപ്ര എന്നിവിടങ്ങളിൽ ജലനിരപ്പിൽ കുറവ് വന്നിട്ടുണ്ടെങ്കിലും നെടുമുടി നസ്രത്ത്, മങ്കൊമ്പ് മുതൽ ബ്ലോക്ക് വരെയുള്ള ഭാഗം എന്നിവിടങ്ങളിൽ ഇപ്പോഴും വെള്ളമാണ്. ഇരുചക്രവാഹനങ്ങളുടെ ഗതാഗതത്തെ ബാധിക്കുന്ന തരത്തിലാണ് ഇവിടെ വെള്ളക്കെട്ടുള്ളത്. മുട്ടാർ-കിടങ്ങറ, കിടങ്ങറ-കുമരങ്കരി, പുളിങ്കുന്ന്-പള്ളിക്കൂട്ടുമ്മ, വേഴപ്ര- എടത്വാ, മാമ്പുഴക്കരി-എടത്വാ, എടത്വാ-ചമ്പക്കുളം റോഡുകളിലും വെള്ളമാണ്. ഇവിടെയെല്ലാം പാടത്ത് മടവീണത് വെള്ളക്കെട്ടിനു ആക്കം കൂട്ടി .