സംസ്ഥാന ചലചിത്ര പുരസ്‌കാര ചടങ്ങ്: മോഹന്‍ലാലിനെതിരെ ഭീമ ഹര്‍ജി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങില്‍ നിന്ന്  മോഹന്‍ലാലിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ചലചിത്ര സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഭീമ ഹര്‍ജി. മോഹന്‍ലാലിനെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് 105 പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി.

മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നത് പുരസ്‌കാരം നേടിയവരെ അപമാനിക്കുനന്തിന് തുല്യമാണെന്ന് നിവേദനത്തില്‍ പറയുന്നു. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ചടങ്ങില്‍ നിന്ന് ജൂറിയിലെ ഒരു വിഭാഗം വിട്ടുനില്‍ക്കുമെന്നും ഇവര്‍ അറിയിച്ചു. മന്ത്രി എ കെ ബാലനാണ് സൂപ്പര്‍താരം മോഹന്‍ലാല്‍ നിശാഗന്ധിയിലെ ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങില്‍ മുഖ്യാതിഥിയാകുമെന്ന് അറിയിച്ചത്. ഇതിന് പിന്നാലെ ചേര്‍ന്ന ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ എതിര്‍പ്പ് ഉയര്‍ന്നു. ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്തതിനെ അനുകൂലിക്കുന്ന മോഹന്‍ലാലിനെ ഇടത് സര്‍ക്കാര്‍ മുഖ്യാതിഥിയാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

സര്‍ക്കാര്‍ നിലപാടില്‍ ഡബ്ള്യുസിസിക്കും അതൃപ്തിയുണ്ട്. നടിക്കൊപ്പം എന്ന് പറയുമ്പോഴും സിപിഐഎം അമ്മയെ പൂര്‍ണ്ണമായും തള്ളിയിരുന്നില്ല. അടുത്തമാസം എട്ടിനാണ് ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ്.