ഗള്‍ഫില്‍നിന്നുള്ള കിടപ്പു രോഗികളുടെ വിമാനയാത്രാക്കൂലി എയര്‍ഇന്ത്യകുത്തനെ കൂട്ടി

കൊച്ചി: കിടപ്പിലായ രോഗികളെ കൊണ്ടുപോകുന്ന സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്ക് എയര്‍ഇന്ത്യ കുത്തനെ കൂട്ടി. ദുബായില്‍ നിന്ന് കൊച്ചിയിലേക്കുളള യാത്രക്ക് നാല് ലക്ഷം രൂപയാണ് പുതിയ നിരക്ക്. ഗള്‍ഫിലെ ചികിത്സാ ചിലവ് താങ്ങാത്തതിനാല്‍ നാട്ടിലേക്ക് പോകുന്ന പ്രവാസികളെ കൂടുതല്‍ ദുരിതത്തിലാക്കുന്നതാണ് എയര്‍ഇന്ത്യയുടെ പുതിയ തീരുമാനം. അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കില്‍ അഞ്ചിരട്ടിയും ആഭ്യന്തര ടിക്കറ്റു നിരക്കുകളില്‍ നാലിരട്ടിയും നിരക്ക് വര്‍ധനയുണ്ട്. ടിക്കറ്റ് നിരക്ക് കൂടാതെ നികുതിയും അടക്കേണ്ടിവരും.

സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്ക് അഞ്ചിരട്ടിയായി വര്‍ധിപ്പിച്ചാണ് സാധാരണക്കാരായ പ്രവാസികളെ പിഴിയുന്നത്. ഇക്കണോമിക് ക്ലാസിലെ തന്നെ ഏറ്റവും ഉയര്‍ന്ന ക്ലാസായ വൈ ക്ലാസിലേക്ക് സ്‌ട്രെച്ചര്‍ ടിക്കറ്റ് മാറ്റിയതോടെ നിരക്ക് വര്‍ധിപ്പിക്കേണ്ടിവന്നതെന്നാണ് അധികൃതരുടെ വിശദീകരണം. നേരത്തെ ഇക്കണോമിക് ക്ലാസിലെ സബ് ക്ലാസായ കെ ക്ലാസിലായിരുന്നു കിടപ്പിലായ രോഗികളെ കൊണ്ടു പോകാനുള്ള സ്‌ട്രെച്ചര്‍ ടിക്കറ്റ് നല്‍കിയിരുന്നത്. പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്ന ഈമാസം ഇരുപതിനു മുമ്പ് ഒരു സ്‌ട്രെക്ച്ചര്‍ ടിക്കറ്റിന് തൊണ്ണൂറായിരമാണ് ഈടാക്കിയിരുന്നത്.