കോഴിക്കോട് ഷിഗെല്ല ബാക്ടീരിയ ബാധിച്ച് രണ്ടുവയസുകാരന്‍ മരിച്ചു

കോഴിക്കോട്‌: ഷിഗെല്ല  ബാക്ടീരിയ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന രണ്ടുവയസുകാരന്‍ മരിച്ചു. പുതുപ്പാടി സ്വദേശി ഹര്‍ഷാദിന്റെ മകന്‍ സിയാനാണ് മരിച്ചത്. നേരത്തെ മലപ്പുറം ജില്ലയിൽ ഈ സീസണിൽ രണ്ടു ഷിഗെല്ല മരണം സംഭവിച്ചിരുന്നു.

ഹര്‍ഷാദിന്റെ ഇരട്ട കുട്ടികളെ ഇന്നലെയാണ് ആശുപത്രിയില്‍  പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്തു തന്നെ ഒരു കുട്ടിയുടെ നില ഗുരുതരമായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു കുട്ടി മരിച്ചത്. ഇരട്ടസഹോദരന്‍ ഫയാന്‍റെ നില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഫയാനെ ഇന്ന് വാര്‍ഡിലേക്ക് മാറ്റും.

ഷിഗെല്ല ബാക്ടീരിയ മൂലം ഉണ്ടാകുന്ന വയറിളക്കമാണ് മരണത്തിന് കാരണമാകുന്നത്‌.  ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. 2016ൽ ജില്ലയിൽ നാലു കുട്ടികൾ ഷിഗെല്ല  ബാധിച്ച് മരിച്ചിരുന്നു.