വിവാദ പ്രസ്താവന; ശശി തരൂരിന് രാഹുല്‍ ഗാന്ധിയുടെ താക്കീത്‌

ഡല്‍ഹി:  അനാവശ്യപ്രസ്താവനകൾ ഒഴിവാക്കണമെന്ന് ശശി തരൂരിന് രാഹുല്‍ ഗാന്ധിയുടെ താക്കീത്‌.  പ്രവർത്തകസമിതിയിൽ തരൂരിനെതിരെ വിമർശനമുയർന്ന സാഹചര്യത്തിലാണിത്.  ഇന്ത്യയിൽ പശുക്കൾ മുസ്ലിംങ്ങളെക്കാൾ സുരക്ഷിതരെന്ന തരൂരിൻറെ പുതിയ പ്രസ്താവനയും വിവാദമായി.

ഹിന്ദു പാകിസ്ഥാൻ, ഹിന്ദു താലിബാൻ തുടങ്ങിയ ശശി തരൂരിൻറെ പ്രസ്താവനകൾ നേരത്തെ വിവാദമായിരുന്നു. കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ പ്രസ്താവന പാർട്ടിക്ക് തിരിച്ചടിയായെന്ന വിമർശനം ഉയർന്നു. ഇതിനോട് പ്രതികരിച്ച രാഹുൽ ഗാന്ധി, ശശി തരൂരിന്‍റെ വിവാദപ്രസ്താവനകളില്‍  അതൃപ്തി അറിയിച്ചു.

ബിജെപി അധികാരത്തിൽ എത്തിയ ശേഷം വർഗ്ഗീയ സംഘർഷങ്ങളിൽ മരിച്ചത് 389 പേർ. പശുവുമായി ബന്ധപ്പെട്ട അക്രമത്തിൽ 28 പേർക്ക് ജീവൻ പോയി. 139 പേർക്ക് പരിക്കേറ്റു. ഇതിൽ 86 ശതമാനവും മുസ്ലിംങ്ങളാണ്. ഇന്ത്യയിൽ പശുവാകുന്നതാണ് മുസ്ലിം ആകുന്നതിനെക്കാൾ സുരക്ഷിതം എന്നും തരൂർ പറഞ്ഞു. തരൂരിൻറെ പ്രസ്താവന നേരത്തെ ദേശീയ തലത്തിൽ കോൺഗ്രസ് തള്ളിയിരുന്നു.