മഴക്കെടുതിക്ക് പിന്നാലെ കുട്ടനാട്ടില്‍ പകര്‍ച്ചവ്യാധി ഭീഷണി

ആലപ്പുഴ: വെളളപ്പൊക്കത്തിന് പിന്നാലെ കുട്ടനാട്ടില്‍ പകര്‍ച്ച വ്യാധികള്‍ പടരാന്‍ സാധ്യതയെന്ന്‌ മുന്നറിയിപ്പ്‌. ജലജന്യ രോഗങ്ങള്‍ പകതരാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ആലപ്പുഴയില്‍ ദുരിതാശ്വാസ കേന്ദ്രങ്ങളെ ആശ്രയിച്ച് കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തിലേറെയാണ്. മഴയുടെ ശക്തി കുറഞ്ഞതിനെ തുടർന്ന് കുട്ടനാട്ടിൽ ജലനിരപ്പ് രണ്ടടി കുറഞ്ഞു. എന്നാൽ ജനജീവിതം സാധാരണ നിലയിലായിട്ടില്ല. ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്.

അതേസമയം കോട്ടയത്ത് വീണ്ടും മഴ പെയ്തത് ആശങ്ക കൂട്ടുന്നു.കോട്ടയം ജില്ലയില്‍ നെല്‍കൃഷിയില്‍ മാത്രം 20 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക കണക്ക്. കുമരകം, അയ്മനം, ആര്‍പ്പൂക്കര, നീണ്ടൂര്‍, വെച്ചൂര്‍ പഞ്ചായത്തുകളിലാണ് നഷ്ടം ഏറെയും. മഴക്കെടുതി വിലയിരുത്താന്‍ ഇന്നലെ കേരളത്തിലെത്തിയ കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു80 കോടി രൂപ അടിയന്തരമായി അനുവദിച്ചിരുന്നു. 831.1 കോടി രൂപയുടെ സഹായമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.