സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ മൊബൈല്‍ സന്ദേശം. യുഎഇയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ടിആർഎ

ദുബായ് : കോടതിയിൽ അവശേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാം എന്ന രീതിയിലുള്ള എസ്എംഎസിലൂടെ സ്വാകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്ന ഹാക്കര്‍മാര്‍ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട്‌ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് റഗുലേറ്ററി അതോറിറ്റി യുഎഇയിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നല്‍കി.

കോടതിയിലെ കേസുമായി ബന്ധപ്പെട്ട് ഒരു എസ്എംഎസ് ലഭിക്കുകയും കേസിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ സന്ദേശത്തിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാനുമാണ്‌ ആവശ്യപ്പെടുക. എന്നാൽ, ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഹാക്കർമാർക്ക് മൊബൈൽ ഫോണിലുള്ള സ്വകാര്യ വിവരങ്ങൾ ലഭിക്കും. ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇത്തരത്തില്‍ ഉള്ള മെസേജുകള്‍ ലഭിച്ചാല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന് ടിആർഎ മുന്നറിയിപ്പ് നല്‍കുന്നു.
മുൻപരിചയമില്ലാത്ത ആളുകളുടെ ഇ–മെയിലുകൾ തുറക്കുകയോ കൃത്യമല്ലാത്ത വെബ്സൈറ്റുകളിൽ നിന്ന് സോഫ്റ്റ്‍വെയർ ഡൗൺലോഡ് ചെയ്യരുതെന്നും അധികൃതർ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.