സംഘപരിവാര്‍ സംഘടനകളുടെ ഭീഷണി: എസ്. ഹരീഷ് നോവല്‍ പിന്‍വലിച്ചു

കോഴിക്കോട്: സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് സാഹിത്യകാരന്‍ എസ്. ഹരീഷ് തന്‍റെ നോവല്‍ പിന്‍വലിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയ മീശ എന്ന നോവലാണ് പിന്‍വലിച്ചത്. നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തിയ ഒരു സംഭാഷണത്തിന്റെ ഭാഗം ചില കേന്ദ്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ആ സംഭാഷണം ക്ഷേത്ര ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്ന് ആരോപിച്ച് ചില സംഘടനകള്‍ രംഗത്ത് വന്നിരുന്നു. അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് ദളിത് പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന നോവലായിരുന്നു മീശ.

ഹരീഷിനെതിരെ സൈബര്‍ ആക്രമണം ശക്തമായപ്പോഴും സാംസ്കാരിക കേരളവും ബുദ്ധിജീവികളും മൗനം അവംലംബിച്ചുവെന്ന പരാതിയും വ്യാപകമാണ്. നോവല്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ്. ഹരീഷിനെതിരെ വലിയ ആക്രമണം സോഷ്യല്‍ മീഡിയയിലും നടന്നിരുന്നു. തന്‍റെ കുടുംബത്തെ അടക്കം അപമാനിക്കുന്ന തരത്തില്‍ ആക്രമണം ഉണ്ടായതുകൊണ്ടാണ് നോവല്‍ പിന്‍വലിക്കുന്നതെന്ന് ഹരീഷ് പറഞ്ഞു. ചില സംഘടനകളുടെ നിരന്തര ഭീഷണിയുണ്ടെന്നും ഹരീഷ് പറഞ്ഞു. ഹരീഷിന്‍റെ കുടുംബത്തിന്‍റെ ചിത്രമടക്കം മോശം രീതിയില്‍ പ്രചരിപ്പിച്ചായിരുന്നു സംഘപരിവാര്‍ സംഘടനകളുടെ ആക്രമണം.