സൗദി അറേബ്യയുടെ ബജറ്റ് കമ്മി കുറയുമെന്ന് പ്രതീക്ഷ

ഈ വർഷം സൗദി അറേബ്യയുടെ ബജറ്റ് കമ്മി 140 ബില്യൺ റിയാലായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി അൽറാജ്ഹി കാപിറ്റൽ പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ ബജറ്റ് പ്രഖ്യാപിക്കുമ്പോൾ കണക്കാക്കിയ കമ്മി 195 ബില്യൺ റിയാലായിരുന്നു. എണ്ണ വില ഉയർന്നതിന്റെയും പെട്രോളിതര മേഖലയിൽ നിന്നുള്ള വരുമാനം വർധിച്ചതിന്റെയും ഫലമായി ബജറ്റ് കമ്മി നേരത്തെ കണക്കാക്കിയതിനേക്കാൾ വലിയ തോതിൽ കുറയുമെന്നാണ് കരുതുന്നത്.
ഈ സാമ്പത്തിക വർഷം സൗദി അറേബ്യയുടെ പെട്രോൾ വരുമാനം 11 ശതമാനം വർധിച്ചിട്ടുണ്ടെന്ന് അൽറാജ്ഹി കാപിറ്റലിലെ ഗവേഷണ വിഭാഗം മേധാവി മാസിൻ അൽസുദൈരി പറഞ്ഞു. ആഗോള വിപണിയിൽ എണ്ണ വില ഉയർന്നതിന്റെയും ലിബിയയും ഇറാനും വെനിസ്വേലയും അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതിയിലുണ്ടാകുന്ന കുറവ് നികത്തുന്നതിന് സൗദി അറേബ്യ ഉൽപാദനം ഉയർത്തുന്നതിന്റെയും ഫലമായി എണ്ണ വരുമാനത്തിൽ 11 ശതമാനം വർധനവ് കൈവരിക്കുന്നതിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എണ്ണ വരുമാനത്തിലുള്ള വർധനവ് മൂലം ബജറ്റ് കമ്മി 28 ശതമാനം തോതിൽ കുറയും. ഒരു ബാരൽ ക്രൂഡ് ഓയിലിന് ശരാശരി 57 ഡോളർ വില കണക്കാക്കിയാണ് ഈ വർഷത്തെ ബജറ്റ് തയാറാക്കിയത്. സൗദി അറേബ്യക്ക് കമ്മിയും മിച്ചവുമില്ലാത്ത ബജറ്റ് എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ബാരലിന് 84 ഡോളർ വില ലഭിക്കേണ്ടതുണ്ടെന്നാണ് അന്താരാഷ്ട്ര നാണയനിധി പറയുന്നത്. എന്നാൽ വരവും ചെലവും സമമാകുന്നതിന് ഒരു ബാരൽ എണ്ണക്ക് 76 ഡോളർ ലഭിച്ചാൽ മതിയെന്നാണ് അൽറാജ്ഹി കാപിറ്റൽ പറയുന്നത്. ഈ വർഷം സൗദി അറേബ്യ 1.9 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അന്താരാഷ്ട്ര നാണയനിധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു