മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയം ഇന്ന് ലോക്സഭയില്‍

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ഇന്ന് ലോക്സഭയില്‍.ഗോരക്ഷയുടെ പേരിലുള്ള അതിക്രമങ്ങള്‍, ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, ദലിത് വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍‍, പട്ടികജാതി പട്ടികവര്‍ഗനിയമം ദുര്‍ബലമാക്കിയത് എന്നീ വിഷയങ്ങള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ ആയുധമാക്കി രംഗതെത്തും.

എന്നാല്‍ അവിശ്വാസപ്രമേയത്തിന് പ്രതീക്ഷിച്ച പിന്തുണ പ്രതിപക്ഷത്തിന് ഉറപ്പിക്കാനായിട്ടില്ല. തെലുഗുദേശം എംപി കേസിനേനി ശ്രീനിവാസ് നല്‍കിയ നോട്ടിസാണ് സ്പീക്കര്‍ അനുവദിച്ചത്. കോണ്‍ഗ്രസിലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെ പ്രതിപക്ഷത്തെ പല നേതാക്കളും അവിശ്വാസപ്രമേയനോട്ടിസ് നല്‍കിയിരുന്നെങ്കിലും ആദ്യം ലഭിച്ചത് ശ്രീനിവാസിന്റെ നോട്ടിസ് ആയതുകൊണ്ട് അത് അനുവദിക്കുകയായിരുന്നു.

കോൺഗ്രസിന് 147 പേരുടെ പിന്തുണയാണ് ഇതുവരെ ഉറപ്പാക്കാനായത്. എൻഡിഎയ്ക്ക് നിലവിൽ 314 പേരാണുള്ളത്. ബിജുജനതാദളും ടിആർഎസും ശിവസേനയും നിലപാട് ഇന്ന് രാവിലെ പരസ്യമായി പ്രഖ്യാപിക്കും. അതേസമയം ഒറ്റക്കെട്ടായി ചർച്ചയിൽ സർക്കാരിനെതിരെ നീങ്ങാൻ കോൺഗ്രസ് ഉൾപ്പടെ 16 പാർട്ടികൾ തീരുമാനിച്ചിട്ടുണ്ട്.37 അംഗങ്ങളുള്ള അണ്ണാ ഡിഎംകെ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ചത് ബിജെപിക്ക് ആശ്വാസമായി. വോട്ടെടുപ്പിൽ നിന്ന് അവർ വിട്ടുനിന്നേക്കും. എൻഡിഎയിൽ ശിവസേന ഒഴികെ 296 എംപിമാരുണ്ട്.