ഭക്ഷ്യസുരക്ഷാ പദ്ധതിയിൽ കേരളത്തിന് ഇളവില്ല; പ്രധാനമന്ത്രി നിരാശപ്പെടുത്തിയെന്ന് മുഖ്യമന്ത്രി

ദില്ലി: നാല് പ്രാവശ്യം അനുമതി നിഷേധിച്ചതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള സർവകക്ഷിസംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. ഭക്ഷ്യസുരക്ഷാ പദ്ധതിയിൽ ഇളവുകൾ, കഞ്ചിക്കോട് കോച്ച് ഫാക്ടറി, മഴക്കാലകെടുതിയിൽ ധനസഹായം എന്നീ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കമുള്ള നേതാക്കൾ പ്രധാനമന്ത്രിയെ ബോധിപ്പിച്ചു.
ഭക്ഷ്യസുരക്ഷാ പദ്ധതിയിൽ കേരളത്തിന് പ്രത്യേകമായി ഒരിളവും നൽകാനാവില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതായി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അങ്കമാലി-ശബരി റെയിൽവേ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രാലയവുമായി സംസാരിക്കാൻ അവസരമൊരുക്കാം എന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമവിജ്ഞാപനം പെട്ടെന്ന് പുറപ്പെടുവിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് മറ്റു സംസ്ഥാനങ്ങളേയും കൂടി ബാധിക്കുന്ന വിഷയമായതിനാൽ അവരോട് കൂടി ആലോചിച്ച് പെട്ടെന്ന് നടപടികൾ പൂർത്തിയാക്കാം എന്ന് പ്രധാനമന്ത്രി മറുപടി നൽകി.
കേരളം ഇപ്പോൾ നേരിടുന്ന മഴക്കാലകെടുതികളെക്കുറിച്ച് സർവകക്ഷി സംഘം പ്രധാനമന്ത്രിയെ അറിയിച്ചു. കേരളത്തിലെ കാലവർഷക്കെടുതികളെ കുറിച്ച് ദിവസവും റിപ്പോർട്ട് ലഭിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ തുടർനടപടികൾ ഉണ്ടാവുമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിയേയും സംഘത്തേയും അറിയിച്ചു. കോച്ച് ഫാക്ടറി അനുവദിച്ച് നൽകണമെന്ന് സംസ്ഥാന നേതാക്കൾ കാര്യമായി ആവശ്യപ്പെട്ടെങ്കിലും ഇൗ വിഷയത്തിലും അനുകൂല പ്രതികരണമൊന്നും പ്രധാനമന്ത്രിയിൽ നിന്നുണ്ടായില്ല എന്നാണ് സൂചന.
പൊതുമേഖലാ സ്ഥാപനമായ എച്ച്.എം.ടിയെ സ്വകാര്യവത്കരിക്കരുതെന്നും കേരളത്തിന് കൈമാറണമെന്നും കേരളം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാൽ എച്ച്.എം.ടിയെ വാങ്ങാനുള്ള ലേലത്തിൽ കേരളത്തിനും പങ്കെടുക്കാമല്ലോ എന്ന ചോദ്യമാണ് പ്രധാനമന്ത്രിയിൽ നിന്നുണ്ടായത്. കോഴിക്കോട് വിമാനത്താവളം നേരിടുന്ന പ്രശ്നങ്ങളും സർവകക്ഷി സംഘം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അതിലും പ്രതീക്ഷ നൽകുന്ന മറുപടിയൊന്നും പ്രധാനമന്ത്രിയിൽ നിന്നും ലഭിച്ചില്ല.
മന്ത്രിമാരായ ജി സുധാകരന്‍, പി തിലോത്തമന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം പിമാരായ പി കരുണാകരന്‍, ഇടി മുഹമ്മദ് ബഷീര്‍, എംപി വീരേന്ദ്രകുമാര്‍, ജോസ് കെ മാണി, എന്‍ കെ പ്രേമചന്ദ്രന്‍, വിവിധ കക്ഷിനേതാക്കളായ എം എം ഹസന്‍, കെ പ്രകാശ് ബാബു, എഎന്‍ രാധാകൃഷ്ണന്‍, സി കെ നാണു, തോമസ് ചാണ്ടി, കോവൂര്‍ കുഞ്ഞുമോന്‍, അനൂപ് ജേക്കബ്, പി സി ജോര്‍ജ്, എം കെ കണ്ണന്‍, സി വേണുഗോപാലന്‍ നായര്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ഭക്ഷ്യവകുപ്പ് സെക്രട്ടറി മിനി ആന്റണി എന്നിവരാണ് മുഖ്യമന്ത്രിയുടെ സംഘത്തിലുള്ളത്.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു