പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിക്കുനേരെയുണ്ടായ ബോംബാക്രമണത്തിൽ 20 മരണം

പാകിസ്ഥാനിലെ പെഷവാറിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കുനേരെയുണ്ടായ ബോംബാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. 69 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ അവാമി നാഷണൽ പാർടി പ്രാദേശിക നേതാവ് ഹറൂൺ ബിലൗറും ഉൾപ്പെടും. കൊല്ലപ്പെട്ട ബിലൗർ പ്രവിശ്യ അസംബ്ലിയിലേക്കുള്ള അവാമി നാഷണൽ പാർടി സ്ഥാനാർഥിയുമാണ്. ബിലൗർ പ്രസംഗസ്ഥലത്തേക്ക് വാഹനത്തിൽ എത്തിയ ഉടനെയായിരുന്നു ആക്രമണം. സംഭവസ്ഥലത്ത് ഇരുനൂറോളം പാർടി പ്രവർത്തകരും ഉണ്ടായിരുന്നു.
അവാമി നാഷണൽ പാർടി ചൊവ്വാഴ്ച പെഷവാറിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കുനേരെയായിരുന്നു ആക്രമണം. ചാവേറാക്രമണമാണ് നടന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 2013ലെ തെരഞ്ഞെടുപ്പിലും അവാമി നാഷണൽ പാർടിക്കുനേരെ താലിബാൻ ആക്രമണം ഉണ്ടായിരുന്നു. 25നാണ് പൊതുതെരഞ്ഞെടുപ്പ്.