വൈദീകരടെ പീഡനം:യുവതിയുടെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കുമ്പസാര രഹസ്യം മറയാക്കി ഭീഷണിപ്പെടുത്തി ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ വൈദികര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ്‌ യുവതി ബിഷപ്പിന് നല്‍കിയ പരാതിയും മൊഴിയും പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കിയത്‌. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് വിധി പറയുന്നതിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി. തങ്ങള്‍ക്കെതിരെ ബലാത്സംഗ കേസ് ചുമത്തിയിരിക്കുന്നു. എന്നാല്‍ യുവതിയുടെ മൊഴിയില്‍ ബലാത്സംഗ കേസ് നിലനില്‍ക്കില്ലെന്ന് വൈദികര്‍ കോടതിയില്‍ വാദിച്ചു.

അറസ്റ്റ് തടയാനും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനും കോടതി തയ്യാറായില്ല. ഇത് ഒരു സാധാരണ കേസായി തന്നെയാണ് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി. വൈദികര്‍ക്ക് എതിരെ മൊഴിയുണ്ടോ എന്ന് ഇന്ന് തന്നെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇതിനായി സര്‍ക്കാര്‍ നാല് ദിവസം സമയം ചോദിച്ചു.
.