ഗുജറാത്ത് കോണ്‍ഗ്രസില്‍ കലാപം: രാഹുലിന്റ പുനസംഘടന അംഗീകരിക്കാതെ മുതിര്‍ന്ന നേതാക്കള്‍

അഹമ്മദാബാദ് ∙ ജില്ലാ കോൺഗ്രസ് ഭാരവാഹികളെ നിയമിച്ചതിനു പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ മുതിർന്ന നേതാക്കൾ വിമര്‍ശനവുമായി രംഗതെത്തി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അടുത്തിടെ സംസ്ഥാന ഘടകം അഴിച്ചുപണിതു കൂടുതൽ യുവാക്കളെ താക്കോൽ സ്ഥാനങ്ങളിൽ നിയമിച്ചിരുന്നു. ഇതിനെതിരെയാണു മുതിർന്ന നേതാക്കളുടെ പടപ്പുറപ്പാട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മുഖ്യമന്ത്രി വിജയ് രൂപാണിക്കെതിരെ രാജ്കോട്ടിൽ മത്സരിച്ചു പരാജയപ്പെട്ട മുൻ എംഎൽഎ ഇന്ദ്രനീൽ രാജ്യഗുരു പാർട്ടി വിട്ടു. രാജ്യഗുരുവിനൊപ്പം രാജ്കോട്ടിലെ ഒരു സംഘം കോൺഗ്രസ് പ്രവർത്തകരും പാർട്ടി വിട്ടിട്ടുണ്ട്. മറ്റൊരു നേതാവും ജാസ്ദൻ എംഎൽഎയുമായ കുൻവർസിങ് ബാവാലിയ പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയാണ്. സംസ്ഥാന അധ്യക്ഷനായി അടുത്തിടെ നിയമിതനായ അമിത് ഛാവഡ കഴിഞ്ഞ ദിവസം അഹമ്മദാബാദിലെ പാർട്ടി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിലേക്കു കോൺഗ്രസ് പ്രവർത്തകർ തള്ളിക്കയറി തടസ്സമുണ്ടാക്കി.

സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി അമിത് ഛാവഡ, പ്രതിപക്ഷ നേതാവായി പരേശ് ധനാണി എന്നീ യുവനേതാക്കൾ അടുത്തിടെയാണ് നിയമിതരായത്. എട്ടു ജില്ലകളിൽ അധ്യക്ഷന്മാരായി യുവനേതാക്കളെ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി നിശ്ചയിച്ചിരുന്നു. ഈ നിയമനം വന്നതിനു തൊട്ടുപിന്നാലെയാണു രാജ്യഗുരുവിന്റെ രാജി. എന്നാൽ ബിജെപിയിൽ ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.