പനികിടക്കയില്‍ പത്തനംതിട്ട; പകര്‍ച്ച പനി പ്രതിരോധത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന് ഗുരുതര വീഴ്ചയെന്ന് ആരോപണം

പത്തനംതിട്ട: ആരോഗ്യ വകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിലെ വീഴ്ചകള്‍ ജില്ലയെ പകര്‍ച്ച വ്യാധികളുടെ പിടിയില്‍ എത്തിച്ചതായി ആരോപണം. പകര്‍ച്ചവ്യാധി നിയന്ത്രണത്തിലെ ജില്ലാമെഡിക്കല്‍ ഓഫീസിന്റെ പിഴവുകള്‍ അന്വേഷിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട്‌ വിവിധ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ രംഗതെത്തി.

ആരോഗ്യ ജാഗ്രത എന്ന പ്രത്യേക പരിപാടി 2017 ഡിസംബറില്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക താത്പര്യമെടുത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കാന്‍ തുടങ്ങിയിരുന്നു. ജില്ലക്ക് ഒരു മന്ത്രിയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ പത്തനംതിട്ട ജില്ലയില്‍ മന്ത്രി വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ എങ്ങും ഒരു കുഴപ്പവുമില്ലെന്ന ന്യായങ്ങള്‍ പറഞ്ഞ് ആരോഗ്യവകുപ്പ് അധികാരികള്‍ നിസംഗത പുലര്‍ത്തി. ആരോഗ്യവകുപ്പ് അതീവജാഗ്രതാനിര്‍ദ്ദേശം ആവശ്യപ്പെട്ട സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്താനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും, വിലയിരുത്തല്‍ നടത്താനും ജനപ്രതിനിധികളോട് ഗൗരവമായ ഇടപെടലുകള്‍ നടത്തുവാനോ ജില്ലാ മെഡിക്കല്‍ ഓഫീസ് നടപടി സ്വീകരിച്ചില്ല.

ആരോഗ്യ ജാഗ്രതയില്‍ ആരോഗ്യവകുപ്പ് സംസ്ഥാന തലത്തില്‍നിന്ന് ജില്ലയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്്.
പകര്‍ച്ച വ്യാധികള്‍ പ്രധാനമായും ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം വരാന്‍ സാധ്യതയുള്ള പ്രദേശങ്ങളെ കൂടുതല്‍ സാധ്യത, കുറവുസാധ്യത, വളരെകുറച്ച് സാധ്യത, എന്നീ മേഖലകളായി തരംതിരിച്ച് കൃത്യമായ കര്‍മ്മപരിപാടികള്‍ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് , ഏപ്രില്‍ മാസങ്ങളില്‍ നടത്തണമെന്ന നിര്‍ദ്ദേശം ജില്ലയില്‍ കാര്യക്ഷമമായില്ല. ഡെങ്കുപ്പനിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ വല്ലന, ആനിക്കാട്, മെഴുവേലി, പെരുനാട്, തണ്ണിത്തോട്, കോന്നി, ഇലന്തൂര്‍, ഏനാദിമംഗലം, പത്തനംതിട്ട , വെച്ചൂച്ചിറ, എന്നീ മേഖലകളില്‍ രോഗം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇതില്‍ പന്തളം പത്തനംതിട്ട റാന്നി പെരുനാട് വല്ലന ഇലന്തൂര്‍ ഏനാദിമംഗലം തണ്ണിത്തോട് മലയാലപ്പുഴ എന്നീ പ്രദേശങ്ങള്‍ ഹൈഡെന്‍സിറ്റി പ്രദേശങ്ങളായി മുന്നറിയിപ്പുനല്‍കിയിരുന്നതാണ്. ഇവിടം കേന്ദ്രീകരിച്ച് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുവാന്‍, ജില്ലാമെഡിക്കല്‍ ഓഫീസ്, കാര്യമായ ഇടപെടല്‍ നടത്തിയില്ല. ഈ പ്രദേശങ്ങളില്‍നിന്നാണ് നാനൂറോളം ഡെങ്കുപ്പനികള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്.ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ പൊട്ടിപുറപ്പെട്ട ചെന്നീര്‍ക്കര, ഇലന്തൂര്‍ ,വല്ലന, കോന്നി, മെഴുവേലി, കുളനട, ഏനാദിമംഗലം, കുന്നന്താനം, പ്രമാടം, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഈ പ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തിക ദീര്‍ഘകാലമായി ഒഴിഞ്ഞുകിടക്കുകയാണ്.