ഡ്രൈവിംഗ് വളയത്തില്‍ ഇനി വളയിട്ട കൈകള്‍

സൗദി അറേബ്യയിൽ സ്ത്രീകൾക്ക് വാഹനം ഓടിക്കാനുള്ള വിലക്ക് നീങ്ങിയതോടെ, സ്ത്രീകൾ ഡ്രൈവിങ് സീറ്റുകളിലെത്തി. സൗദി ചരിത്രത്തിലെ ഈ വിപ്ലവകരമായ മുഹൂർത്തത്തിൽ ആയിരക്കണക്കിന് സ്ത്രീകൾ പങ്കാളികളായി. ഇതോടെ, ജൂൺ 24 എന്ന ദിനം, വളയിട്ട കൈകളാൽ, ലോക ചരിത്രത്തിൽ ഇടം നേടി.

90 ലക്ഷം വനിതകളാണ് സൗദിയില്‍ ഡ്രൈവ് ചെയ്യാനുള്ള പ്രായപരിധിക്കുള്ളിലുള്ളത്. അതില്‍ സ്വദേശികളും വിദേശികളുമായി 54000 ത്തില്‍ അധികം സ്ത്രീകളാണ് ഡ്രൈവിംഗ് ലൈസന്‍സ് നേടി ചരിത്ര മുഹൂര്‍ത്തത്തിന് തുടക്കമിട്ടത്. ഇരുചക്രവാഹനങ്ങള്‍ക്ക് പുറമെ കാര്‍, ഹെവി ലൈസന്‍സുകള്‍ വരെ നേടിയവരും ഉണ്ട് ഇക്കുട്ടത്തില്‍. വനിതകളെ ഡ്രൈവ് ചെയ്യാന്‍ അനുവദിക്കുന്നതുവഴി രാജ്യത്തിന്റെ ധനകാര്യ മേഖലയില്‍ 2030 ഓടെ 90 ശതകോടി ഡോളറിന്റെ അധിക വരവ് ഉണ്ടാകുമെന്നാണ് സൗദി ഭരണകൂടത്തിന്റെ കണക്കു കൂട്ടല്‍.

പ്രധാനനഗരങ്ങളിലും പ്രവിശ്യകളിലും ട്രാഫിക് വിഭാഗം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ടാക്‌സി വാഹനം ഓടിക്കാനും വനിതകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 26നാണ് സ്ത്രീകള്‍ക്കു വാഹനം ഓടിക്കാന്‍ അനുമതി നല്‍കി സൗദി ഭരണകൂടം ഉത്തരവിറക്കിയത്.