ഗവാസ്‌കർ ഹൈക്കോടതിയിൽ ഹർജി നൽകി

എഡിജിപി സുധേഷ്‌കുമാറിന്റെ മകളുടെ മർദനമേറ്റ പോലീസ് ഡ്രൈവർ ഗവാസ്‌കർ ഹൈക്കോടതിയിൽ ഹർജി നൽകി. തനിക്ക് എതിരെയുള്ള കേസ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. എഡിജിപിയുടെ മകളുടെ പരാതി വ്യാജമാണെന്നും ഹർജിയിൽ പറയുന്നു.

എഡിജിപിയുടെ മകളുടെ മർദനത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞത് പോലീസ് ഡ്രൈവർ ഗവാസ്‌കർ. എന്നാൽ ആദ്യം കേസ് വന്നത് ഗവാസ്‌കറിനെതിരെ. വകുപ്പുകളും കഠിനം. ഇന്ത്യൻ ശിക്ഷാ നിയമം 294(ബി)- പൊതു സ്ഥലത്ത് വെച്ച് അശ്ലീല വാക്കുകൾ ഉപയോഗിച്ച് അപമാനിക്കൽ, 394-സ്ത്രീത്വത്തെ അപമാനിക്കൽ, ദേഹത്ത് കടന്ന് പിടിക്കൽ.  ഇങ്ങനെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങൾ ചുമത്തിയാണ് ഗവാസ്‌കറിനെതിരെ കേസ് എടുത്തത്. ഇത് കള്ളക്കേസാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവാസ്‌കർ ഹൈക്കോടതിയെ സമീപിച്ചത്. തന്നെയാണ് എഡിജിപിയുടെ മകൾ മർദിച്ചത്. മർദനത്തിൽ കഴുത്തിനും മൂക്കിനും ഗുരുതരമായ പരിക്കേറ്റു. കാഴ്ചക്ക് മങ്ങലുണ്ടായി. പേരൂർക്കട സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. തന്റെ പരാതിയിൽ വൈകിയാണ് എഡിജിപിയുടെ മകൾക്കെതിരെ കേസ് എടുത്തതെന്നും ഗവാസ്‌കർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഗവാസ്‌കറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എഡിജിപിയുടെ മകൾക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. ആയുധം ഉപയോഗിച്ച് അപകടപ്പെടുത്താൻ ശ്രമം, സർക്കാർ ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.