ജമ്മു കാശ്മീരിൽ ഇനി ഗവർണർ ഭരണം; ശുപാർശയിൽ രാഷ്ട്രപതി ഒപ്പിട്ടു

രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്കൊടുവിൽ ജമ്മു കാശ്മീരിൽ ഇനി ഗവർണർ ഭരണം. പിഡിപി ബിജെപി സഖ്യം വേർപ്പെട്ടതിനെ തുടർന്നാണ് കാശ്മീരിൽ ഗവർണർ ഭരണം ഏർപ്പെടുത്തിയത്.

ജമ്മുകാശ്മീരിൽ ഗവർണർ ഭരണം ഏർപ്പെടുത്താനുള്ള ശുപാർശയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജിവെച്ചതിനെ തുടർന്നാണ് ഗവർണർ ഭരണം ഏർപ്പെടുത്തിയത്. പിഡിപി – ബി ജെപി സഖ്യത്തിൽ നിന്ന് പിന്മാറുകയാണെന്ന് ഇന്നലെ ഉച്ചയോടെ ബിജെപി നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ദേശീയ അധ്യക്ഷൻ അമിത്ഷാ വിളിച്ചു ചേർത്ത കാശ്മീരിലെ പാർട്ടി നേതാക്കളുടെ യോഗത്തിലാണ് സഖ്യം വിടാനുള്ള തീരുമാനമെടുത്തത്.

തുടർന്ന്‌ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഗവർണർ എൻ.എൻ വോറക്ക് രാജിക്കത്ത് നൽകി. 2014 ലെ തെരഞ്ഞെടുപ്പ് സമയത്താണ് പിഡിപി – ബിജെപി സഖ്യം രൂപം കൊണ്ടത്.പിഡിപിക്ക് 28 ബിജെപിക്ക് 25 മറ്റുള്ളവർക്ക് 36 എന്നിങ്ങനെയാണ് സംസ്ഥാനത്ത് നിലവിലെ എംഎൽഎമാരുടെ അംഗസംഖ്യ. കാശ്മീരിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ വിഘടനവാദികളുമായി കേന്ദ്ര സർക്കാർ സംസാരിക്കണമെന്ന മെഹ്ബൂബയുടെ നിലപാട് ബിജെപിയെ ചൊടിപ്പിച്ചിരുന്നു. റമദാൻ മാസത്തിൽ ഏർപ്പെടുത്തിയ വെടിനിർത്തൽ കരാർ നേരത്തെ കേന്ദ്ര സർക്കാർ ലംഘിച്ചിരുന്നു. പിഡിപിയുമായി സഖ്യത്തിനില്ലെന്ന് കോൺഗ്രസും നാഷ്ണൽ കോൺഫറൻസും നിലപാട് എടുത്തതോ ടെ ഗവർണർ ഭരണം ഉറപ്പായിരുന്നു. ഇതോടെ ജമ്മുകാശ്മീരിൽ എട്ടാം തവണയാണ് ഗവർണർ ഭരണം ഏർപ്പെടുത്തുന്നത്.