ലോകകപ്പിൽ ഇംഗ്ലണ്ടിന് വിജയത്തുടക്കം; ജയമൊരുക്കി ക്യാപ്റ്റൻ ഹാരി കെയ്ൻ

ലോകകപ്പ് ഗ്രൂപ്പ് ജി യിലെ രണ്ടാം മത്സരത്തിൽ ടുണിഷ്യക്കെതിരെ ഇംഗ്ലണ്ടിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ ജയം. ഹാരി കെയ്ൻ നേടിയ രണ്ട് ഗോളുകളാണ് ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചത്.

റാഷ്ഫോർഡിനേയും ജാമി വാർഡിയേയും സൈഡ് ബെഞ്ചിലിരുത്തി ഇംഗ്ലണ്ട് കോച്ച്, ഹാരി കെയ്നേയും റഹീം സ്റ്റെർലിങ്ങിനെയുമാണ് ഇംഗ്ലണ്ടിന്റെ മുൻനിര ആക്രമണച്ചുമതല ഏൽപ്പിച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തുറ്റ സ്ട്രൈക്കർമാർ അണിനിരക്കുന്ന ഇംഗ്ലണ്ട് ടീം.

പ്രതീക്ഷിച്ചതുപോലെ തന്നെ ടുണിഷ്യക്കെതിരെ ഇംഗ്ലണ്ട് ആദ്യ മിനിറ്റുകളിൽ ആക്രമണം ശക്തിപ്പെടുത്തി. ഇതിന്റെ ഫലമായി കളിയുടെ 11-ാം മിനിറ്റിൽ ഇംഗ്ലണ്ട് ആദ്യ ഗോൾ നേടി.

മത്സരത്തിൽ ആധിപത്യം ഇംഗ്ലണ്ട് തുടരുന്നതിനിടെ കെയിൽ വാൾക്കർ ബോക്‌സിൽ നടത്തിയ അനാവശ്യ ഫൗളിന് റഫറി ടുണീഷ്യക്ക് പെനാൽറ്റി അനുവദിച്ചു. കിക്ക് എടുത്ത സാസിക്ക് പിഴച്ചില്ല, ബോൾ ഇംഗ്ലണ്ട് വലയിലെത്തി. സ്‌കോർ 1-1.

അവിടുന്നങ്ങോട്ട് ഇരു ടീമുകളും ആക്രമണവും പ്രതിരോധവും ശക്തമാക്കി. പന്ത് കൂടുതൽ സമയവും കൈവശം വെച്ചത് ഇംഗ്ലണ്ടാണെങ്കിലും ഗോൾ പിറന്നില്ല. ഇതോടെ അർജൻറീനയുടെയും ബ്രസീലിൻറെയും അവസ്ഥ തന്നെയാകും ഇംഗ്ലണ്ടിനുമെന്ന് ആരാധകർ വിധിയെഴുതി.

മത്സരം സമനിലയിൽ അവസാനിക്കും എന്ന ഘട്ടത്തിൽ പക്ഷെ ഇംഗ്ലണ്ട് വിജയ ഗോൾ നേടി. ഇത്തവണയും കെയ്ൻ തന്നെയാണ് ഇംഗ്ലണ്ടിന് രക്ഷകനായത്. ഹെഡറിലൂടെ 91-ാം മിനിറ്റില്‍ നേടിയ ഗോളോടെ ഇംഗ്ലണ്ട് അങ്ങിനെ ലോകകപ്പിന് വിജയത്തുടക്കം കുറിച്ചു.