മഴക്കാല പരിചരണം കൈകാലുകൾക്ക് – ആരോഗ്യത്തിനും സൗന്ദര്യത്തിനും

രോഗങ്ങൾ പെട്ടെന്ന് പിടികൂടുന്ന കാലമാണ് മഴക്കാലം. ചർമ്മത്തിന് വളരെ ഏറെ ശ്രദ്ധ നൽകേണ്ട കാലവും ഇത് തന്നെ. ചെളിവെള്ളത്തിൽ ചവിട്ടിയും നനഞ്ഞ തുണിയുടെ ഉപയോഗവും മറ്റും ത്വക്കിൽ ഫംഗസ് ബാധയെ തുടർന്നുള്ള രോഗത്തിന് വഴിതുറക്കാൻ സാധ്യതയേറെയാണ്.

മഴക്കാലത്ത് ഏറ്റവും ശ്രദ്ധ വേണ്ടത് പാദങ്ങൾക്കാണ്. വളംകടി പോലുള്ള രോഗങ്ങൾ ഈ സമയത്താണ് കൂടുതലായി കണ്ടുവരുന്നത്. കാൽവിരലുകളുടെ ഇടയിലെ അഴുക്കാണ് വളംകടിക്ക് പ്രധാനമായും കാരണമാകുന്നത്. അൽപം ശ്രദ്ധ കാലിന് നൽകിയാൽ ഇത് വരാതെ സൂക്ഷിക്കാം.

1. കാൽ വൃത്തിയായി സൂക്ഷിക്കുക.
2. വിരലുകൾക്കിടയിൽ വിണ്ടു കീറിയാൽ മൈലാഞ്ചിയും മഞ്ഞളും അരച്ചിടാവുന്നതാണ്.
3. ചെറുചൂടുവെള്ളത്തിൽ ഉപ്പിട്ട് പാദങ്ങൾ അതിൽ മുക്കിവച്ച ശേഷം പ്യുമിക്‌സ്‌റ്റോൺ ഉപയോഗിച്ച് പാദങ്ങൾ ഉരച്ചു കഴുകുക. ഉപ്പു വെള്ളം മാറ്റി തണുത്ത വെള്ളത്തിൽ കാൽ കഴുകി വൃത്തിയായി തുടച്ച് നനവ് മാറ്റി, ഒലിവ് ഓയിൽ പുരട്ടുക.
4. കിടക്കുമ്പോൾ സോക്‌സ് ഉപയോഗിക്കുന്നതും നല്ലതായിരിക്കും.

പാദങ്ങൾക്കെന്ന പോലെ കൈകളിലെ ചർമ്മത്തിനും ചുളിവ് വീഴാൻ സാധ്യതയുള്ള കാലം കൂടിയാണിത്. ഒലിവ് ഓയിലോ വെളിച്ചെണ്ണയോ പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്. കൈകളിൽ ഗ്‌ളിസറിനും പഞ്ചസാരയും ഇട്ട് അൽപസമയം ഉരച്ചതിന് ശേഷം കഴുകുന്നതും മൃതകോശങ്ങൾ നീക്കാൻ സഹായിക്കും. ഇത് കൈകൾക്ക് മൃദുത്വവും മിനുസവും സമ്മാനിക്കും.

മഴക്കാലത്ത് മേക്കപ്പ് കഴിയുന്നതും വളരെ കുറച്ച് മാത്രം ഉപയോഗിക്കുക. പെർഫ്യൂമിന്റെ ഉപയോഗം കുറയ്ക്കുക. ഫംഗസ് വരാനുള്ള സാധ്യത ഏറെയാണ്.