മലനാട് മലബാർ ക്രൂയിസ് പദ്ധതിയുമായി ടൂറിസം വകുപ്പ്

മലബാർ മേഖലയിലെ 8 നദികളെയും ഒരു കായലിനെയും ഉൾപെടുത്തിയുള്ള മലനാട് മലബാർ ക്രൂയിസ്  ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സൂരേന്ദ്രൻ അറിയിച്ചു. കണ്ണൂര്‍ പറശ്ശിനിക്കടവില്‍ പദ്ധതിക്ക് തുടക്കം കുറിക്കുന്നതോടെ ടൂറിസം രംഗത്ത് മലബാര്‍ വൻ കുതിച്ച് ചാട്ടം നടത്തുമെന്നും മന്ത്രി പറഞ്ഞു.

മലബാർ മേഖലയിലെ ടൂറിസം സാധ്യതകളെ മുന്നിൽ കണ്ടു കൊണ്ടാണ് സംസ്ഥാന ടൂറിസം വകുപ്പിന്റെ പുതിയ പദ്ധതി. കോഴിക്കോട്, കണ്ണൂർ, വയനാട് തുടങ്ങിയ ജില്ലകളെ കേന്ദ്രീകരിച്ചാണ് പദ്ധതി രൂപകൽപ്പന ചെയ്യ്തിരിക്കുന്നത്.
കണ്ണൂർ ജില്ലയിലെ വളപട്ടണം, കുപ്പം, പെരുമ്പ, കവ്വായി, അഞ്ചരക്കണ്ടി, എന്നി നദികളിലും കാസർകോട് ജില്ലയിലെ തേജസ്വിനി, ചന്ദ്രഗിരി തുടങ്ങി’ നദികളെയും വലിയ പറമ്പ് കായൽ തുടങ്ങിയ ജലാശയങ്ങളും അവയുടെ തീരപ്രദേശങ്ങളിലെ സംസ്ക്കാരവും കലാരൂപങ്ങളും, വൈവിധ്യമാർന്ന പ്രകൃതി വിഭവങ്ങളും കാർഷിക സംസ്കാരവും കൂടി ചേരുന്ന ബൃഹ്ത പദ്ധതിയാണ് മലനാട് മലബാർ ക്രൂയിസ് പദ്ധതി.

പദ്ധതി നടപ്പിലാകുന്നതോടെ വരുന്ന അഞ്ച് വര്‍ഷം കൊണ്ട് രണ്ട് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ലോകത്ത് തന്നെ പ്രശസ്തമായിട്ടുള്ള ട്രാവല്‍ ഗൈഡ് പ്രസാധകരായ അമേരിക്കയിലെ പ്രശസ്തമായ ലോണ്‍ലി പ്ലാനറ്റ് മാഗസിന്‍ കുടുംബങ്ങള്‍ക്ക് ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമായി കേരളത്തെ തിരഞ്ഞെടുത്തത് കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ പരിഗണിച്ചു കൊണ്ടാണ്. കൂടാതെ ഏഷ്യയില്‍ കണ്ടിരിക്കേണ്ട 10 ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മൂന്നാം സ്ഥാനത്തായി മലബാറിനെ ഉല്‍പ്പെടുത്തിയിട്ടുണ്ട്. മലനാട് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി വിനോദ സഞ്ചാര മേഖലയില്‍ വ്യത്യസ്തമായിട്ടുള്ള ടൂറിസം ബ്രാന്‍ഡ് ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു