എ.ഡി.ജി.പിയുടെ വീട്ടിലെ പട്ടിക്ക് മീന്‍ വറക്കുന്നത് എസ്.എ.പി ക്യാമ്പില്‍

തിരുവനന്തപുരം: സായുധസേനാ എഡിജിപി സുധേഷ് കുമാറിന്റെ വീട്ടിലെ പട്ടിക്ക് മീന്‍ വറക്കുന്നത് എസ്.എ.പി ക്യാമ്പില്‍. സുധേഷ് കുമാറിന്റെ ഔദ്യേഗിക വസതിയില്‍ ജോലി ചെയ്യുന്ന ലിജോയെന്ന പൊലീസുകാരനെ എസ്എപി ക്യാമ്പിൽ പൊലീസുകാർ തടഞ്ഞു.  എഡിജിപിയുടെ വീട്ടിലെ പട്ടിക്ക് വാങ്ങിയ മീൻ എസ്എപി ക്യാമ്പിൽ വറുക്കാൻ കൊണ്ടുവന്നപ്പോഴാണ് തടഞ്ഞത്.

മേല്‍ഉദ്യോഗസ്ഥരുടെ വീടുകളില്‍ ദാസ്യപ്പണി എടുപ്പിക്കുന്നതിനെതിരെ പൊലീസുകാര്‍ ഒന്നടങ്കം പരാതിയുമായി രംഗത്ത് വന്നു. എസ്എപി ക്യാമ്പിലെ പൊലീസുകാരണ് എഡിജിപിക്കെതിരെ രംഗത്ത് വന്നത്.

ഇത്തരം ദാസപ്പണി സ്ഥിരം സംഭവമാണെന്ന് പൊലീസുകാർ ആരോപിക്കുന്നു. എഡിജിപി പൊലീസുകാരെക്കൊണ്ട് ദാസപ്പണി ചെയ്യിപ്പിക്കുന്നതിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും രേഖാമൂലം പരാതി നൽകുമെന്ന് പൊലീസ് അസോസിയേഷൻ വ്യക്തമാക്കി.

എഡിജിപിയുടെ പട്ടിയെ പരിശീലിപ്പിക്കാൻ വിമുഖത കാണിച്ച പൊലീസുകാരനെ കാസർഗോഡ് സ്ഥലം മാറ്റിയതും വിവാദമായിരുന്നു. പട്ടി കടിച്ചപ്പോൾ ഡിജിപിക്കു പരാതി നൽകിയപ്പോഴാണ് നടപടി. മകളെ നോക്കി ചിരിച്ചുവെന്നാരോപിച്ച് അഞ്ചു പൊലീസുകാരെ നല്ല നടപ്പ് പരിശീലനത്തിനയച്ചതായും ആരോപണമുണ്ട്‌.